Story of a Donkey by Rev. Fr. Jose Daniel Paitel, Philadelphia വീണ്ടെടുക്കപ്പെട്ട ഒരു കഴുതയുടെ കഥ - ജോസ്‌ അച്ചന്‍, ഫിലാഡെല്‍ഫിയ വിശുദ്ധ യോഹന്നാന്റെ സുവിശേഷം 12:1219 രക്ഷാകരമായ കഷ്ടാനുഭവ ആഴ്‌ചയുടെ പ്രാരംഭത്തിലാണ്‌ നാം ഊശാനാ ഞായറാഴ്‌ച ശുശ്രൂഷകളില്‍ സംബന്ധിക്കുന്നത്‌ . രാജാവും ദൈവവുമായവന്റെ രാജകീയമായ എഴുന്നെള്ളത്തില്‍ വലിയ ജനക്കൂട്ടം സംബന്ധിക്കുന്നു. അവര്‍ അവന്റെ ശ്രേഷ്ടതകള്‍ ആര്‍ത്തട്ടഹസിച്ച്‌ ഈ രാജകീയ എഴുന്നെള്ളത്ത്‌ ആഘോഷമാക്കുന്നു. ഈ രാജാവ്‌ പിന്നീടുള്ള ദിവസങ്ങളില്‍ ദാരുണമായി പീഢിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌തു. എന്നാല്‍ മരിച്ചടക്കപ്പെട്ട്‌ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ വാര്‍ത്താ പ്രാധാന്യം നേടിയ യേശുവാണ്‌ ഈ രാജാവെന്നും ഇതുമായി ബന്ധപ്പെട്ടതെല്ലാം മുന്‍നിര്‍ണ്ണയപ്രകാരം സംഭവിച്ച താണെന്ന്‌ അനന്തരസംഭവങ്ങള്‍ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇതിനോട്‌ ബന്ധപ്പെട്ടവയെല്ലാം തുല്യപ്രാധാന്യമുള്ളതായിത്തീരും. ഈ എഴുന്നെള്ളത്തിലെ അപ്രധാനമായ പങ്കു വഹിച്ചത്‌ ഒരു കഴുതയാണ്‌ . ഒരു വാഹനമൃഗം എന്ന നിലയില്‍ ആ ജീവി ഈ യാത്രയില്‍ പ്രസക്തമല്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില വസ്‌തുതതകള്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അതിന്റെ പങ്കും അഗണ്യമല്ല. ഇതേക്കുറിച്ച്‌ സഖറിയാ പ്രവാചകന്റെ പ്രവചനം നിവൃത്തിയായി എന്ന്‌ എഴുതിയിരിക്കുന്നതിനാല്‍ ഇതൊരു പഠന വിഷയമാകാന്‍ സാദ്ധ്യതയുള്ളതായി ത്തീരുന്നു.?Zach.9:9. സീയോന്‍ പുത്രിയേ അത്യന്തം ആനന്ദിക്കുക യറുശലേം പുത്രിയേ ആര്‍പ്പിടുക.ഇതാ നിന്റെ രാജാവ്‌ നിന്റെ അടുക്കലേക്ക്‌ വരുന്നു. അവന്‍ നീതിമാനും രക്ഷകനും വിനീതനും കഴുതപ്പുറത്ത്‌ , പെണ്‍കഴുതയുടെ കുട്ടിയുടെ പുറത്ത്‌ വാഹനമേറിയിരിക്കുന്നവനും, ആകുന്നു.' ഈ കഴുത വൈവിദ്ധ്യമാര്‍ന്ന ധ്യാനപഠനങ്ങള്‍ക്ക്‌ വിധേയനായിട്ടുണ്ട്‌ . അതുകൊണ്ടു തന്നെ ഈ സാധുമൃഗത്തെക്കുറിച്ച്‌ വീണ്ടും പഠിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തേണ്ടതില്ല. ഈ കഴുതയെ അഴിച്ചു കൊണ്ടുവരുവാനായി തന്റെ ശ്ലീഹന്മാരെ അയയ്‌ക്കുമ്പോള്‍ കര്‍ത്താവ്‌ നല്‌കുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഇതിനെ തെരഞ്ഞെടുക്കുന്നതിനുള്ള മുന്‍ നിര്‍ണ്ണയങ്ങളിലേക്ക്‌ നമ്മെ നയിക്കുന്നത്‌ . യേശുക്രിസ്‌തുവിന്റെ ഈ ഇംഗിതം നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ സ്‌കറിയാപ്രവാചകന്‍ പ്രവചിച്ചു എന്നത്‌ മാത്രമല്ല ഈ കഴുതയെക്കുറിച്ച്‌ പഠിക്കുന്നതിന്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌ . മോശാദീര്‍ഘദര്‍ശിക്ക്‌ ന്യായപ്രമാണം നല്‌കുന്ന കാലത്ത്‌ തന്നേ പിതാവാം ദൈവത്തിന്റെ മുന്‍ നിര്‍ണയങ്ങളിലും ഈ ഹീനമൃഗം കടന്നു വന്നിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ ഹീനനെന്ന്‌ മുദ്രകുത്തപ്പെട്ട ഈ സാധുവിനും ദൈവികചിന്തയില്‍ സ്ഥാനമുണ്ടെങ്കില്‍ നം ഇതിനെ അഗണ്യമായിക്കരുതരുത്‌ . യേശുതന്‌പുരാന്‍ യരൂശലേമിലേക്ക്‌ യാത്രയ്‌ക്കൊരുങ്ങി മുമ്പോട്ട്‌ പോകുമ്പോള്‍ ബത്‌ഫാഗായ്‌ക്കും ബാഥാന്യക്കും അടുത്ത്‌ എത്തിയപ്പോള്‍ തന്റെ ശിഷ്യ ന്മാരെ മുമ്പോട്ട്‌ അയച്ച്‌ അവിടെ കെട്ടിയിരിക്കുന്ന കഴുതക്കുട്ടനെ തന്റെ അടുക്കലേക്ക്‌ കൊണ്ടുവരുവനായി അയച്ചു എന്നാണ്‌ സുവിശേഷകരായ വിശുദ്ധ മത്തായിയും വിശുദ്ധ ലൂക്കോസും രേഖപ്പെടുത്തിയിരിക്കുന്നത്‌ . St.Luk.19: 28-40, St.Mat.21: 1-22. ഇതിനോട്‌ ബന്ധപ്പെടുത്തി നല്‌കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നാമത്തേത്‌ .ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതായിക്കാണും രണ്ടാമത്തേത്‌ അതിന്റെ ഉടമസ്ഥര്‍ ചോദിച്ചാല്‍ ഞങ്ങളുടെ കര്‍ത്താവിന്‌ ഇതിനെ ആവശ്യമുണ്ട്‌ എന്ന്‌ മറുപടി പറയണം. ശ്‌ളീഹന്മാര്‍ ഇപ്രകാരമുള്ള ഒരു കഴുതക്കുട്ടിയെക്കണ്ടു. അവര്‍ അഴിയ്‌ക്കുന്നത്‌ കണ്ടവര്‍ ചോദിച്ചപ്പോള്‍ കര്‍ത്താവ്‌ കല്‌പ്പിച്ച മറുപടിയും പറഞ്ഞു. ഈ കഴുതയെ അഴിയ്‌ക്കുന്നതിന്‌ മുമ്പായി അനുവാദം ചോദിക്കണമെന്നല്ല കര്‍ത്താവ്‌ പറഞ്ഞത്‌ . തള്ളക്കഴുതയോടൊപ്പമുള്ള കഴുതക്കുട്ടിയെ അഴിയ്‌ക്കുമ്പോള്‍ ഉടമസ്ഥര്‍ക്ക്‌ ശിഷ്യന്മാര്‍ നല്‌കിയ മറുപടി സ്വീകാര്യമാകാനുള്ള സാദ്ധ്യത എന്തായിരിക്കണം? ന്യായപ്രമാണമനുസരിച്ച്‌ കടിഞ്ഞൂലായ എല്ലാ ആണ്‍പ്രജകളും ദൈവത്തിനുള്ളതായിരിക്കണം. അതുകൊണ്ട്‌ ശുദ്ധിയുള്ള എല്ലാകടിഞ്ഞൂല്‍ ആണ്‍മൃഗങ്ങളും ദൈവസന്നിധിയില്‍ യാഗമായി അര്‍പ്പിക്കപ്പെടണം. കാരണം മിസ്രേമിലെ പെസഹാരാത്രിയിലുണ്ടായ കടിഞ്ഞൂല്‍ സംഹാരത്തില്‍ മിസ്രേമിലെ സകലരുടേയും കടിഞ്ഞൂല്‍ പ്രജകള്‍ സംഹരിക്കപ്പെടുകയും ഇസ്രായേല്‍ മക്കളുടെ കടിഞ്ഞൂലുകള്‍ സംഹാരത്തില്‍ നിന്നും വിടുവിക്കപ്പെടുകയും ജീവനോടെ സംരക്ഷിക്കപ്പെടുകയും ചെയ്‌തു.ആ വിടുതലിന്റേയും വീണ്ടെടുപ്പിന്റേയും സ്‌മരണയ്‌ക്കായി ഇസ്രായേല്‍ മക്കളുടെ സകല തലമുറകള്‍ക്കും ഈ ഉടമ്പടി കര്‍ത്താവ്‌ നിയമിച്ചിരുന്നു. അശുദ്ധമൃഗങ്ങള്‍ ഇപ്രകാരം യാഗമായി അര്‍പ്പിക്കപ്പെടുന്നതിന്‌ പകരം ഒരു കുഞ്ഞാടിനെ യാഗമായി അര്‍പ്പിച്ച്‌ വീണ്ടെടുക്കേണമെന്നും കര്‍ത്താവ്‌ കല്‌പ്പിച്ചു. അശുദ്ധ മൃഗങ്ങളില്‍ കഴുതയെ ഇപ്രകാരം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കഴുത്ത്‌ ഒടിച്ച്‌ കൊന്നുകളയണമെന്നും കര്‍ത്താവ്‌ കല്‌പ്പിച്ചു. Exo.34:19-20 ഇതേ നിയമം ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങള്‍ക്കും ബാധകമായിരുന്നു. ഇസ്രായേല്‍ ഗോത്രങ്ങളിലെ ആദ്യജാതന്മാരുടെ സംഹാരത്തിന്‌ പകരം ലേവിഗോത്രത്തെ പുരോഹിതഗോത്രമായി തെരഞ്ഞെടുക്കുകയും പിന്നീടുള്ള തലമുറകളിലെ ആദ്യജാതന്മാര്‍ കുഞ്ഞാടിന്റെ യാഗത്താല്‍ വീണ്ടെടുക്കപ്പെടുകയും ചെയ്‌തിരിക്കണമെന്ന്‌ കര്‍ത്താവ്‌ കല്‌പ്പിച്ചു. തന്റെ യരൂശലേം യാത്രയില്‍ കര്‍ത്താവ്‌ വാഹനമേറിയ കഴുത വീണ്ടെടുക്കപ്പെടാത്ത കടിഞ്ഞൂല്‍. യജമാനന്‍ തന്റെ വിലയേറിയ ദ്രവ്യം ചിലവ്‌ ചെയ്‌ത്‌ വീണ്ടെടുക്കുന്നില്ലെങ്കില്‍ ഈ കഴുത കൊല്ലപ്പെടും മരണശിക്ഷ പ്രതീക്ഷിയ്‌ക്കപ്പെടുന്ന ഈ ജീവിയെ കര്‍ത്താവ്‌ വീണ്ടെടുത്താല്‍ മാത്രമെ ഇതിന്‌ വീണ്ടും ജീവിക്കാന്‍ കഴിയൂ. വീണ്ടെടുക്കാതെ ഇതിനെ അതിന്റെ യജമാനന്‌ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല. ഈ കഴുതയെ മശിഹാ വീണ്ടെ ടുത്തു. അതിനെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഇതിനെ വീണ്ടെടുക്കുന്നതിന്‌ യാഗമാകുന്നത്‌ മറ്റൊരു മിണ്ടാപ്രാണിയല്ല. ഇസ്രായേലിന്റെ രാജാവാണ്‌ . ഈ കഴുതപ്പുറത്ത്‌ വാഹനമേറിയവനേക്കുറിച്ചു ഇസ്രായേലിന്റെ രാജാവായി നമ്മുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്‌ത്തപ്പെട്ടവനാകുന്നു അത്യുന്നതങ്ങളിലൂശാനാ, Psalms 117:26 എന്ന്‌ ഇസ്രായേല്‍ മക്കള്‍ ആര്‍ത്തു. വധശിക്ഷ നടപ്പിലാക്കുവാന്‍ അധികാരമുള്ളവനാണ്‌ രാജാവ്‌ . മരണശിക്ഷ പ്രതീക്ഷിയ്‌ക്കുന്ന ഈമൃഗത്തെ രക്ഷിയ്‌ക്കുമ്പോള്‍ മശിഹായ്‌ക്കൊരു മറുപടി യുണ്ട്‌ ഇത്‌ എന്റെ വാഹനമൃഗമാണ്‌ . മശിഹാ നിന്റെമേല്‍ വാഹനമേറുമ്പോള്‍ നിനക്ക്‌ മരണത്തെ ഭയപ്പെടേണ്ടതില്ല.സഹോദരാ സഹോദരീ നീയും ഞാനും മരണഭീതിയിലാണെങ്കില്‍ മശിഹായ്‌ക്ക്‌ നിന്നെ വീണ്ടെടുക്കുവാനും രക്ഷിയ്‌ക്കു വാനും സാധിയ്‌ക്കും നിനക്ക്‌ പകരമായി അവന്‍ ഒരു കുഞ്ഞാടായി ബലി അര്‍പ്പി ക്കപ്പെട്ടിരിക്കുന്നത്‌ എന്റേയും നിന്റേയും രക്ഷ്യ്‌ക്കും വിടുതലിനും വേണ്ടിയത്രേ. പാപ സ്വാധീനത്തില്‍ കഴിയുന്ന ഏതൊരുവനും മരണഭിതിയില്‍ കഴിയുക യാണ്‌ . അതയാള്‍ തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. തങ്ങളുടെ ന്യായവാദങ്ങ ളില്‍ ദൈവീക നീതി ഇടം കണ്ടെത്തിയില്ല എന്നത്‌ ദൈവീകനീതിയുടെ കുറ്റം കൊണ്ടല്ല. സ്വയരക്ഷാനീതിശാസ്‌ത്രം പ്രചരിപ്പിച്ച നവീനസുവിശേഷകര്‍ പലരും തങ്ങളുടെ അനുയായികളെ സ്വയനീതിവാദങ്ങളില്‍ കൊണ്ടെത്തിച്ചി ട്ടുണ്ട്‌ . ഞാന്‍ പാപം ചെയ്‌തിട്ടില്ല എന്ന്‌ അവകാശപ്പെടാന്‍ ആര്‍ക്കും കഴിയും? നീതിയോഗ്യത അര്‍ഹതപ്പെടുന്നതിന്‌ അത്‌ പോരാ എന്ന്‌ നാം മനസ്സിലാക്കണം. ഈ കഴുത നമുക്ക്‌ നല്‍കുന്ന സൂചനയതാണ്‌ . ഈ കഴുത സ്വയം പാപം ചെയ്‌തിട്ടല്ലാ അത്‌ അശുദ്ധമൃഗത്തിനുള്ള മരണവിധിയില്‍ പെട്ടിരിക്കുന്നത്‌ . പിന്നെയോ വീണ്ടെടുക്കപ്പെടുന്നതിനുള്ള അര്‍ഹതയ്‌ക്കുള്ള അവസരങ്ങളെ നിഷേധിക്കുന്നതിനാലാണ്‌ . ഇവിടെ മശിഹാ നിന്നേ വീണ്ടെടുത്തിട്ടുണ്ട്‌ . അത്‌ നീ അനുഭവമാക്കണം. ആ വീണ്ടെടുപ്പ്‌ നീ സ്വായത്തമാക്കണം. ആ വിവരം നിന്നെ ഇന്നറിയിച്ചത്‌ പരിശുദ്ധ സഭയാണ്‌ അതനുസരിക്കുവാനുള്ള സന്നദ്ധത നിനക്കുണ്ടായാല്‍ മാത്രമേ ആ രക്ഷാപദ്ധതിയില്‍ നീയും അര്‍ഹനാകുകയുള്ളൂ. ഈ രക്ഷാസന്ദേശം നിര്‍ണ്ണായകമാണ്‌ . ഇത്‌ അഗണ്യമാക്കിയാല്‍ നിനക്ക്‌ മറ്റൊരു രക്ഷാദൂത്‌ അവശേഷിച്ചിട്ടില്ല. ഇതിനെ മറികടക്കുവാന്‍ മറ്റൊന്നും നിനക്ക്‌ ഉപാധിയായിട്ടുമില്ല. ഈ കഴുതയുടെ സ്ഥാനത്തേക്ക്‌ നിന്നെ താഴ്‌ത്തി ഏല്‌പ്പിക്കാതെ മശിഹാ നിന്റെമേല്‍ വാഹനമേറില്ല. നിത്യന്യായവിധി നിനക്കുള്ള അര്‍ഹതയാണ്‌ ഇടത്തൊട്ടോ വലത്തോട്ടോ എന്ന്‌ നിശ്ചയിക്കുന്നതിന്‌ ഒരു കുമ്പസ്സാരമാവശ്യമുണ്ട്‌ . ഇപ്പോള്‍ അതിനവസരവുമുണ്ട്‌ . മരണമോ ജീവനോ എന്ന്‌ നിശ്ചയിക്കുന്നത്‌ ഇപ്പോള്‍ ലഭിയ്‌ക്കുന്ന വിടുതലാണ്‌ . ആ കഴുതക്ക്‌ ലഭിച്ചത്‌ അതുതന്നെ. വിടുതല്‍, മരണത്തില്‍ നിന്നുള്ള വിടുതല്‍, മശിഹാ മൂലമുള്ള വിടുതല്‍. സ്‌നേഹപൂര്‍വം ജോസച്ചന്‍ Rev. Fr. Jose Daniel Paitel USA